02:15am 13 November 2026
NEWS
ഓടിളക്കി വന്നവനല്ല, വോട്ടിട്ട് ജയിച്ചവൻ'; പദവി പോയതിൽ എൻ.എസ്.എസിനെതിരെ തുറന്നടിച്ച് ഗണേശ് കുമാർ


15/03/2026  10:37 AM IST
ന്യൂസ് ബ്യൂറോ
ഓടിളക്കി വന്നവനല്ല, വോട്ടിട്ട് ജയിച്ചവൻ; പദവി പോയതിൽ എൻ.എസ്.എസിനെതിരെ തുറന്നടിച്ച് ഗണേശ് കുമാർ

​തിരുവനന്തപുരം: എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി കെ.ബി.ഗണേശ് കുമാർ. താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനം തനിക്ക് അത്ര വലിയ കാര്യമല്ലെന്നും എൻ.എസ്.എസ് നേതൃത്വത്തിൽ നിന്ന് മാറ്റിയതുകൊണ്ട് ജനങ്ങൾ തന്നെ കൈവിടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
​ "താനൊരു മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവർത്തകനാണ്. എല്ലാ മതസ്ഥരും വോട്ട് ചെയ്തതുകൊണ്ടാണ് താൻ ജയിക്കുന്നത്. ഒരു സമുദായ സംഘടനയുടെ പദവിയിൽ നിന്ന് മാറ്റിയതുകൊണ്ട് തന്റെ പൊതുപ്രവർത്തനത്തിന് ഒന്നും സംഭവിക്കില്ല."
​"വളഞ്ഞ വഴിയിലൂടെയോ ഓടിളക്കിയോ വന്നവനല്ല താൻ. പത്തനാപുരത്തെ നായർ സമുദായ അംഗങ്ങൾ വോട്ടിട്ട് തിരഞ്ഞെടുത്തതാണ്. അച്ഛൻ ആർ.ബാലകൃഷ്ണ പിള്ള ദീർഘകാലം വഹിച്ചിരുന്ന ചുമതലയാണത്."
​രാജി സന്നദ്ധത അറിയിച്ചിരുന്നു: "കഴിഞ്ഞയാഴ്ച ജി.സുകുമാരൻ നായരെ കണ്ട് രാജിക്കത്ത് നൽകാമെന്ന് അറിയിച്ചിരുന്നു. അത് വാങ്ങാതെ എന്തിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം. രാത്രിയിൽ കമ്മിറ്റി പിരിച്ചുവിട്ടത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല."
​ "ആർ.ബാലകൃഷ്ണ പിള്ള സ്വന്തം സ്വത്ത് വിറ്റാണ് യൂണിയനെ പടുത്തുയർത്തിയത്. മക്കൾക്ക് നൽകേണ്ട പണം പോലും എൻ.എസ്.എസിന് വേണ്ടി അദ്ദേഹം നൽകി. പൂജ്യം രൂപയിൽ നിന്ന് 300 കോടിയുടെ ആസ്തിയിലേക്ക് യൂണിയനെ വളർത്തിയത് അച്ഛന്റെ അധ്വാനമാണ്. ഇന്ന് അച്ഛന്റെ ഉപകാരം പറ്റിയവരാണ് മാറി നിൽക്കുന്നത്."
​വാഗ്ദാനം പാലിക്കും
​എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ ജീവിതാവസാനം വരെ എതിർക്കില്ലെന്ന് അച്ഛന് വാക്ക് നൽകിയിട്ടുണ്ടെന്നും ആ വാക്ക് താൻ പാലിക്കുമെന്നും ഗണേശ് കുമാർ കൂട്ടിച്ചേർത്തു. താൻ ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒരു കലാകാരനാണെന്നും ജനങ്ങളുടെ പൊതുസ്വത്താണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
​താൻ അഴിമതിക്കാരനല്ലെന്ന് മുഖ്യമന്ത്രിക്കറിയാമെന്നും, പണത്തിന് പിന്നാലെ പോകുന്നവനല്ല താനെന്നും വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രതികരണം അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img